കണ്ണൂർ: കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച കന്യാസ്തീകളുടെ മോചനത്തിനായി ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദേശം പോലും ഛത്തീസ്ഗഡ് സർക്കാർ കാറ്റിൽ പറത്തിയെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പംപ്ലാനി. കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് തലശേരി, കണ്ണൂർ, കോട്ടയം രൂപതകളുടെയും മറ്റ് ക്രൈസ്തവ സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടത്തിയ പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
അമിത് ഷാ ഇടപെട്ടതിനു പിന്നാലെ സംസ്ഥാന സർക്കാർ ജാമ്യത്തെ എതിർക്കില്ലെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, അമിത് ഷായുടെ വാക്കുകൾ കാറ്റിൽ പറത്തിയാണ് ഛത്തീസ്ഗഡ് സർക്കാർ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്തത്. ഇത് ദുഃഖകരമാണ്. കേന്ദ്രസർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. ജനാധിപത്യസംവിധാനത്തിൽ ഭരണകൂടത്തെയാണ് സമീപിക്കേണ്ടത്. എന്നാൽ, ഇവിടെ അതുപോലും പറ്റാത്ത സാഹചര്യമാണ്. കാലം മാപ്പു നല്കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നത്. അന്യായമായി അറസ്റ്റ് ചെയ്തിട്ടും കന്യാസ്ത്രീകളെ ജയിലിൽനിന്നു പുറത്തിറക്കാൻ നീതിപീഠത്തിനു കഴിയുന്നില്ല. നീതിനിഷേധം നടന്നാൽ ഇനിയും തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരും.
ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണു മതപരിവർത്തന നിരോധനനിയമം. ഈ നിയമത്തിന്റെ ചൂടുപറ്റി തിരുവസ്ത്രം ധരിച്ചവരെയും വൈദികരെയും ഉപദ്രവിക്കാൻ സാമൂഹ്യവിരുദ്ധ സംഘടനകളെ അനുവദിക്കില്ല. കന്യാസ്ത്രീമാർക്ക് ജാമ്യം നല്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതു ചില സാമൂഹ്യവിരുദ്ധ, തീവ്രവാദ സംഘടനകളാണ്. തീവ്രവാദ സംഘടകൾക്ക് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ സാഹചര്യം ഒരുക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ക്രൈസ്തവർ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നു വിളിച്ചുകൂവിയാൽ അത് സത്യമാകില്ല. നിർബന്ധിച്ച് ആരെയും മതം മാറ്റാൻ പാടില്ലെന്നതിൽ ഉറച്ചുനിൽക്കുന്നവരാണു ക്രൈസ്തവ സമൂഹം. ക്രൈസ്തവ സമൂഹം മതപരിവർത്തനം നടത്തുന്നുവെങ്കിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കണക്കിൽ ക്രൈസ്തവർ 2.4 ശതമാനം മാത്രമായി ചുരുങ്ങില്ലായിരുന്നു. മതപരിവർത്തനം എന്ന പുകമറ സൃഷ്ടിച്ച് ന്യൂനപക്ഷത്തെ വേട്ടയാടുകയാണ്. തീവ്രവാദ സംഘടനകളെ നിലയ്ക്കു നിർത്താൻ സർക്കാരിനു സാധിക്കണം. നിർബന്ധിത മതപരിവർത്തനത്തിന്റ ദുർവ്യാഖ്യാനമാണ് നടക്കുന്നതെന്ന് ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
ജനാധിപത്യം ജനാധിപത്യമാകുന്നത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്പോഴാണെന്ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു. ഭരണഘടന നൽകുന്ന രാഷ്ട്രീയ- മതസ്വാതന്ത്ര്യം നിഷേധിക്കാൻ ആരെയും അനുവദിക്കരുത്. മനുഷ്യന്റെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇവിടെ നടക്കുന്നത്. ഇത് എല്ലാവരും തുറന്നുകാണമെന്ന് ഡോ. കുറുപ്പശേരി പറഞ്ഞു.
സ്കൂളുകളിലും കോളജുകളിലും ആതുരശുശ്രൂഷാ രംഗത്തും ഭിന്നശേഷിക്കാർക്കാർക്കിടയിലും ത്യാഗപൂർണമായ പ്രവർത്തനം കാഴ്ചവച്ചവരെയാണ് ഇപ്പോൾ ജയിലിലടച്ചിരിക്കുന്നതെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു. സ്കൂളുകളും കോളജുകളും നടത്തുന്നത് മതപരിവർത്തനത്തിന് വേണ്ടിയല്ല. മറിച്ച് ഗുണപരമായ വിദ്യാഭ്യാസം ക്രിസ്തുവിന്റെ അനുയായി എന്ന നിലയിൽ എത്തിക്കാനാണെന്ന് മാർ പണ്ടാരശേരിൽ പറഞ്ഞു.